ആമുഖം

ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുനിസിപ്പൽ, കോർപ്പറേഷൻ കൗൺസിലുകളിലുമായി 21900 വരുന്ന വാർഡുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിൽ വലിയ ശതമാനം ജനപ്രതിനിധികളും പുതുമുഖങ്ങളാണ്. കേരളത്തിലെ അധികാര വികേന്ദ്രീകരണപ്രസ്ഥാനം 25 വർഷങ്ങൾ പൂർത്തിയാക്കിയ ഈ ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട് വരുന്ന പുതിയ ജനപ്രതിനിധികൾ രാഷ്ട്രീയ തലമുറമാറ്റം കൂടെ അടയാളപ്പെടുത്തുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് അധികാരവികേന്ദ്രീകരണത്തെയും പ്രാദേശിക ഭരണ നിർവഹണത്തിൻറെയും കേരളീയ അനുഭവങ്ങൾ പുതിയ കാലവുമായി ചേർത്തുകൊണ്ട് സമഗ്രമായി മനസ്സിലാക്കാൻ പറ്റുന്നവിധം ഒരു പഠന പരിപാടി കിലയുടെയും ഡിജിറ്റൽ സർവകലാശാലയുടെയും സഹകരണത്തോടെ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ആവിഷ്കരിക്കുന്നത്. ഓരോ തലത്തിലെയും ജനപ്രതിനിധികൾക്ക് കില നൽകിവരുന്ന വളരെ വിശദമായ പരിശീലന പരിപാടികൾക്ക് അനുപൂരകമായാണ് യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റ് കോഴ്സ് രൂപപ്പെടുത്തിയിരിക്കുന്നത്.


സർട്ടിഫിക്കറ്റ് കോഴ്സിൻറെ ലക്ഷ്യം

കേരളത്തിലെ സവിശേഷമായ സാഹചര്യത്തിൽ ഇതിൽ നിയമം, ധനകാര്യം, വികസനവും ആസൂത്രണവും എന്നിങ്ങനെ മൂന്ന് അടിസ്ഥാനവിഷയങ്ങളിൽ ഊന്നിക്കൊണ്ട് അധികാര വികേന്ദ്രീകരണവും പ്രാദേശിക ഭരണനിർവഹണവും എന്താണ് എന്നതിനെകുറിച്ച് അടിസ്ഥാനപരമായ ധാരണ നൽകുക എന്നതാണ് ഈ കോഴ്സിനെ ലക്ഷ്യം. കേരള സമൂഹത്തിൽ ഉയർന്നുവരുന്ന അഭിലാഷങ്ങളും പഠിതാക്കളായ പ്രതിനിധികളുന്നയിക്കുന്ന പ്രായോഗികമായ ആവശ്യങ്ങളുമായി ബന്ധപ്പെട്ടായിരിക്കും എല്ലാ ആശയങ്ങളും ചർച്ച ചെയ്യപ്പെടുക. സിദ്ധാന്തം, പ്രയോഗം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെല്ലാം പരസ്പര ബന്ധിതമായി ക്രമീകരിച്ചിരിക്കുന്നതിനാൽ പഠിതാക്കൾക്ക് അവരുടെ സ്വന്തം പ്രവർത്തനങ്ങളെക്കുറിച്ച് സമഗ്രമായ ധാരണ ലഭിക്കും.

sngou poster